08:40am 08 May 2026
NEWS
അമീർ കപ്പ് ഫൈനൽ മെയ് 9-ന്; ഖലീഫ സ്റ്റേഡിയം സജ്ജം, കാണികളെ കാത്തിരിക്കുന്നത് വൻ സമ്മാനങ്ങൾ
07/05/2026  01:47 PM IST
nila
അമീർ കപ്പ് ഫൈനൽ മെയ് 9-ന്; ഖലീഫ സ്റ്റേഡിയം സജ്ജം, കാണികളെ കാത്തിരിക്കുന്നത് വൻ സമ്മാനങ്ങൾ

ദോഹ: ഖത്തറിലെ ഏറ്റവും അഭിമാനകരമായ ഫുട്ബോൾ ടൂർണമെന്റായ അമീർ കപ്പിന്റെ 54-ാമത് പതിപ്പിന്റെ ഫൈനൽ പോരാട്ടത്തിന് ആതിഥ്യമരുളാൻ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം പൂർണ്ണ സജ്ജമായതായി ഖത്തർ ഫുട്ബോൾ അസോസിയേഷനും സംഘാടക സമിതിയും വർത്താസമ്മേളനത്തിൽ അറിയിച്ചു. 
മെയ് 9 ശനിയാഴ്ചയാണ് ഫൈനൽ മത്സരം നടക്കുന്നത്.വൈകുന്നേരം 5.30-നാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടങ്ങൾ ഉച്ചയ്ക്ക് 2.30 മുതൽ തുറക്കും.ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കാണികൾ ദോഹ മെട്രോ ഉപയോഗിക്കണമെന്ന് സംഘാടകർ നിർദ്ദേശിച്ചു. ഗോൾഡ് ലൈനിലെ 'സ്പോർട്സ് സിറ്റി' സ്റ്റേഷൻ വഴി സ്റ്റേഡിയത്തിലേക്ക് നേരിട്ട് പ്രവേശിക്കാം. കർവ ടാക്സി സൗകര്യവും ലഭ്യമാണ്.
മത്സരത്തിനെത്തുന്ന കാണികൾക്കായി ലക്കി ഡ്രോയിലൂടെ കാറുകൾ, ട്രാവൽ പാക്കേജുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, പണക്കിഴി തുടങ്ങി നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ടിക്കറ്റുകൾ www.qfa.qa എന്ന വെബ്‌സൈറ്റ് വഴി ലഭ്യമാണ്. ഒരാൾക്ക് പരമാവധി 6 ടിക്കറ്റുകൾ വരെ വാങ്ങാം. വാങ്ങിയ ടിക്കറ്റുകൾ മെയ് 7 മുതൽ 'റോഡ് ടു ഖത്തർ' (Road to Qatar) ആപ്പ് വഴി ലഭിച്ചു തുടങ്ങും. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ടിക്കറ്റുകൾക്കായി accessibility.tickets@sc.qa എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
1976-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ 50-ാം വാർഷികം കൂടിയാണ് ഈ വർഷം എന്നത് മത്സരത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. 45,000-ത്തിലധികം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയത്തിൽ ആരാധകർക്കായി സാംസ്‌കാരിക പരിപാടികളും വിനോദ പരിപാടികളും ഫാൻ സോണിൽ ഒരുക്കിയിട്ടുണ്ട്. ഈ ചരിത്ര മുഹൂർത്തം റിപ്പോർട്ട് ചെയ്യാൻ പ്രാദേശിക-അന്തർദേശീയ മാധ്യമങ്ങളിൽ നിന്നായി എഴുന്നൂറോളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img